ജയിച്ചവർ തോറ്റവരെ കളിയാക്കരുത്…’ ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ; തലശ്ശേരി വലിയമാടാവിൽ ഗവ. യു പി സ്കൂ‌ളിലെ മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം


വിജയവും തോൽവിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ പലപ്പോഴും പരാജയത്തേക്കാൾ നൊമ്പരപ്പെടുത്തുന്നത് മറ്റുള്ളവരുടെ പരിഹാസവും കളിയാക്കലുമാണെന്നതാണ് യാഥാർത്ഥ്യം. ഇതുമായി ബന്ധപ്പെട്ട് ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങളർപ്പിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.

“ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..” അഹാൻ അനൂപ് എന്ന തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ളിലെ മൂന്നാം ക്ലാസുകാരനാണ് ഉത്തരക്കടലാസിൽ ഈയൊരു വരിയെഴുതി ശ്രദ്ധേയനായത്.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയിലെ നിയമാവലി എഴുതുകയെന്നതായിരുന്നു ചോദ്യപ്പേപ്പറിൽ കുട്ടിക്കുള്ള ചോദ്യം. നാരാങ്ങാ സ്പൂൺ കളിയുടെ നിയമാ വലിയായിരുന്നു കുട്ടിയെഴുതിയത്. ഇതിന്റെ നിയമാവലിയിലാണ് കുട്ടി ഒരു വരി കൂടി ചേർത്തെഴുതിയത്. ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’…’ കളിയുടെ നിയമാവലിയിൽ കുട്ടിയായി ചേർത്തെഴുതിയ വരി.

ഒരു സമയം അഞ്ച് പേർക്ക് മത്സരിക്കാം

എല്ലാവരും വായിൽ സ്പൂൺ വെക്കുക.നാരങ്ങ സ്പൂണിൻ മേൽ വെക്കണം

അടയാളപ്പെടുത്തിയിരിക്കുന്ന വരിയിൽ നിന്നാണ് കളിക്കേണ്ടത്

നിലത്തുവീണാൽ പിന്നെയും എടുത്തുവെച്ചു വേണം നടക്കേണ്ടത്

വരി തെറ്റിയാൽ കളിയിൽ നിന്ന് പുറത്താകും

ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..

എന്നായാരുന്നു തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയ മാടാവിൽ ഗവ. യു പി സ്കൂ‌ളിലെ വിദ്യാര്‍ഥിയായ അഹാനെഴുതിയ ഉത്തരം.

നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നത്. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ കുട്ടി’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ മൂന്നാം ക്ലാസുകാരൻ അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് വൈറലായി.


Leave a Reply

Your email address will not be published. Required fields are marked *