ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബർ ഒന്ന് മുതൽ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വർധനവാണ് കേരള സർക്കാർ വരുത്തിയത്. 26,125 ആശാ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറെ നാളായി സമരത്തിലായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശ വർക്കർമാർ അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

