സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ചട്ടവിരുദ്ധമായി ക്ലാസ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നിർദ്ദേശം ബാധകമാണ്.
കേരളത്തിൽ വേനൽ ചൂട് കടുക്കുന്ന സാഹചര്യം കൂടെ കണക്കിലെടുത്താണ് തീരുമാനം. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തികഞ്ഞ ജാഗ്രത ഇതിലുണ്ടാകണമെന്നും ആരോഗ്യ വകുപ്പിൻ്റേയും കാലാവസ്ഥാ വകുപ്പിൻ്റേയും മുന്നറിയിപ്പുണ്ട്. ഈ മാസം 19 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുൾപ്പെടെ നിലനിൽക്കുന്നുണ്ട്.
ഈ സമയത്ത് വിദ്യാർഥികൾക്ക് സ്പെഷ്യൽ ക്ലാസ് അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം, കൊടുംചൂടിൽ വലയുന്ന കേരളത്തിൽ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി രേഖപ്പെടുത്തി.

