ആഗോളതലത്തിൽ ക്രൂഡോയിൽ വില ഉയരുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ മെയ് 15 ന് മുൻപ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത. ഇന്ത്യയിൽ എണ്ണ കമ്പനികൾ പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതായാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പെട്രോൾ-ഡീസൽ വില കൂട്ടുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നിരുന്നു. ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി ഉണ്ടായിട്ടും ഇന്ത്യ ഇതുവരെ വില വർധനവ് നടപ്പാക്കിയിരുന്നില്ല. ഇന്ധന വിലയുടെ ഒരുവിഹിതം സർക്കാർ വഹിക്കുന്നതിനാലാണ് പ്രതിസന്ധിയിലാകാതെ മുന്നോട്ട് പോയത്.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയർന്നേക്കാം, അതേസമയം ആഭ്യന്തര എൽപിജി സിലിണ്ടർ വിലയിൽ 40-50 രൂപ വർധനവ് ഉണ്ടായേക്കാം. റഷ്യ, യുഎസ്, പശ്ചിമാഫ്രിക്ക, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വലിയ അളവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ഉള്ളതുകൊണ്ട് അസംസ്കൃത എണ്ണ ഇറക്കുമതി ശേഖരമുണ്ട്.
ഇന്ധന വിതരണം ഉറപ്പാക്കാൻ റിഫൈനറികൾ 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

