വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറിലെ ജലത്തിൻറെ പരിശോധനയിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. വയനാട്ടിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആവശ്യമെങ്കിൽ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു. ജില്ലയിൽ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 44 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലും ഇതുവരെ 502 പേരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ ക്ലോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്.
വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

