ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത


പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.

പവര്‍ എക്‌സേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ പീക്ക് സമയത്ത് നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പുറത്ത് നിന്ന് വാങ്ങിയത് 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അണക്കെട്ടുകളിലുള്ളത് 30 ശതമാനം വെള്ളം മാത്രമാണ്. വരും വര്‍ഷങ്ങളിലും വൈദ്യുതി ആവശ്യകതയും വിലയും ഉയരുന്നത് മുന്നില്‍ക്കണ്ടാണ് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി വാങ്ങല്‍ കരാറുകളിലേക്ക് കടക്കുന്നത്. സോളാര്‍ എനര്‍ജി കോര്‍പ്പേറേഷന്‍ വഴി 200 മെഗാവാട്ട് വാങ്ങാനുള്ള കരാറിനാണ് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. യൂണിറ്റിന് 2.93 പൈസയാണ് വില. 25 വര്‍ഷത്തേയ്ക്കുള്ള കരാരില്‍ 2028 ഏപ്രില്‍ മുതല്‍ വൈദ്യുതി കിട്ടും. പീക്ക് സമയത്ത് നാല് മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഉള്‍പ്പെടുന്നതാണ് കരാര്‍. ജൂണ്‍ 30ന് മുമ്പ് പദ്ധതി നടപ്പായാല്‍ സംസ്ഥാനാന്തര ട്രാന്‍സമിഷന്‍ ചാര്‍ജില്‍ ഇളവ് കിട്ടും. പുലര്‍ച്ചെ രണ്ട് മണിക്ക് വരെ വൈദ്യുതി ഉപയോഗം ഉയരുന്ന സ്ഥിതിക്ക് സോളാര്‍ എനര്‍ജി കോര്‍പേറേഷന്‍ വഴി കൂടുതല്‍ വൈദ്യുതിക്ക് ശ്രമിക്കണം. ബാറ്ററി എനര്‍ജി സ്റ്റോറേജ്, ഹൈബ്രിഡ് പവര്‍ പ്ലാന്റസ് എന്നിവയെ ആശ്രയിക്കണം. ഇപ്പോള്‍ യൂണിറ്റിന് ശരാശരി 9 രൂപയെന്ന ഉയര്‍ന്ന വിലയ്ക്കാണ് പീക്ക് അവര്‍ സമയത്തേയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.


Leave a Reply

Your email address will not be published. Required fields are marked *