എടൂർ സ്വദേശി അഡോൺ ബാബുവിന് യുഎസ് സർവകലാശാലയിൽ ന്യൂറോസയൻസിൽ പിഎച്ച്.ഡി പഠനത്തിന് ഫെലോഷിപ്പ്


എടൂർ സ്വദേശി പാലാട്ടികൂനത്താൻ അഡോൺ ബാബുവിന് യുഎസിലെ ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ടൾസ ക്യാംപസിലെ സെന്റർ ഫോർ ഹെൽത്ത് സയൻസസിൽ ന്യൂറോസയൻസിൽ പിഎച്ച്ഡി ഗവേഷണത്തിന് ഫുള്ളിഫണ്ടഡ് ഫെലോഷിപ്പ് ലഭിച്ചു. ട്യൂഷൻ ഫീസ് ഇളവുകളോടൊപ്പം പ്രതിവർഷം 21,180 യുഎസ് ഡോളർ സ്റ്റൈപൻഡും ലഭിക്കും. സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റായാണ് അദ്ദേഹം ഗവേഷണം നടത്തുക. ഓഗസ്റ്റ് 4 ന് അമേരിക്കയിലേക്കു പോകും..
ഇരിട്ടി കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സയൻസ് വിഭാഗത്തിൽ പ്ലസ് ടുവും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച അഡോൺ, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിൽ നിന്ന് ജിനോമിക് സയൻസിൽ ബിരുദാനന്തര ബിരുദവും ഡിസ്റ്റിങ്ഷനോടെ പൂർത്തിയാക്കി.
കേന്ദ്ര സർവകലാശാലയിലെ പഠനകാലത്തും തുടർന്നും ജിനോമിക്സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ ഡോ. ടോണി ഗ്രേസിന്റെ ഗൈഡ്ഷിപ്പിൽ നടത്തിയ ഗവേഷണ പ്രവർത്തനങ്ങളാണ് അഡോണിന് അമേരിക്കയിലെ ഒക്ലഹോമ സ്റ്റേറ്റ് സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശനം നേടാൻ വഴിയൊരുക്കിയത്. നാടൻ കോഴികളിലും ബ്രോയിലർ കോഴികളിലും ഗട്ട് മൈക്രോബയോമിന്റെ ഘടനയും ആന്റിബയോട്ടിക് പ്രതിരോധവും സംബന്ധിച്ച് നടത്തിയ പഠനവും, തുടർന്ന് കോഴി, താറാവ്, പശു, മത്സ്യം തുടങ്ങിയ വിവിധ വളർത്തുമൃഗങ്ങളിലെയും അവയുടെ ഭക്ഷ്യോൽപ്പന്നങ്ങളിലെയും മൈക്രോബയോമും ആന്റിബയോട്ടിക് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ടുകളും പി.എച്ച്.ഡി പ്രവേശനത്തിനായുള്ള വിലയിരുത്തലിൽ പ്രധാന പരിഗണന ലഭിച്ചു.
മാർഷ്യൽ ആർട്സ് ഇനമായ തായ്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റുകാരനായ അഡോൺ, ഇരിട്ടിയിലെ മാധ്യമപ്രവർത്തകനായ പി.വി.ബാബുവിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരി: അഡ്ലിൻ ബാബു.


Leave a Reply

Your email address will not be published. Required fields are marked *