‘പാലിയേക്കരയിലെ പ്രശ്നം ഒറ്റപ്പെട്ടതല്ല, കേന്ദ്രമന്ത്രിയെ കണ്ട് സംസാരിക്കും; യാത്രക്കാർ നന്ദിയോടെയാണ് കടന്നുപോയത്’


ഒന്നര-രണ്ട് കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞതോടെയാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ താൻ നേരിട്ട് ടോൾ പ്ലാസയിൽ ഇറങ്ങി ഗേറ്റുകൾ തുറപ്പിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പതിനഞ്ച് മിനിറ്റുകൊണ്ട് റോഡിലെ വലിയൊരു കുരുക്കഴിക്കാൻ ഇതിലൂടെ സാധിച്ചു. യാത്രക്കാർ നന്ദിയോടെയാണ് കടന്നുപോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ടോൾ പ്ലാസയിലെ തിരക്ക് നിരീക്ഷിക്കാൻ ആറ് ക്യാമറകൾ സ്ഥാപിച്ച് കലക്ടറുടെ ചേംബറിലേക്ക് കണക്ട് ചെയ്യണം. വലിയ കുരുക്കുണ്ടാകുമ്പോൾ ഗേറ്റ് തുറക്കാൻ കലക്ടർക്ക് താക്കീത് നൽകാനുള്ള സംവിധാനം ഉണ്ടാകണം. ദുബായിലേതിനു സമാനമായി സാലിക് സംവിധാനം ഇവിടെ വരേണ്ട സമയം കഴിഞ്ഞു. ഇതിനായി കേന്ദ്രമന്ത്രിയെ കണ്ട് സംസാരിക്കും. പാലിയേക്കരയിലെ പ്രശ്നം ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തെ എല്ലാ ടോൾ ബൂത്തുകളിലെയും കുരുക്കിനു ശാശ്വത പരിഹാരമാണ് ആവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. പൈലറ്റ് വാഹനമുണ്ടായിട്ടും തന്റെ വാഹനത്തിനും ഏറെ ബുദ്ധിമുട്ടിയാണ് മുന്നോട്ടു പോകാനായത്. മറ്റു യാത്രക്കാരിൽ അതിന്റെ നീരസവും പ്രകടമായിരുന്നു. ഇതോടെയാണ് ടോൾ പ്ലാസയ്ക്കു സമീപം വാഹനം നിർത്തി തന്റെ ഒപ്പമുണ്ടായിരുന്ന പൊലീസ് സംഘത്തോട് ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിടാൻ നിർദേശിച്ചത്. 2 ഭാഗത്തേക്കും വാഹന നിരയുണ്ടായിരുന്നു. വാഹന നിര കൂടുമ്പോൾ യാത്രക്കാർക്ക് സമയനഷ്ടവും ഇന്ധന നഷ്ടവും ഉണ്ടാകുന്നുണ്ട്. ഇത്തരം ഗതാഗതക്കുരുക്കുകൾ യാത്രക്കാരെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പാലിയേക്കര ടോൾപ്ലാസയിൽ വാഹനങ്ങളുടെ നിര നീണ്ടതോടെയാണ് ടോൾ ബൂത്തുകൾ തുറന്ന് സുരേഷ് ഗോപി വാഹനങ്ങൾ കടത്തിവിട്ടത്. കൊച്ചിയിലേക്കുള്ള യാത്രമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം. ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തുടർന്ന് സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുക്കുകയായിരുന്നു. വൈകീട്ട് 5.45 ന് ആയിരുന്നു സംഭവം. ഏകദേശം 10 മിനിറ്റോളം ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ്ഗോപിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തുറന്നുവിട്ടു. ദിവസങ്ങളായി ടോൾ പ്ലാസയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെ മണിക്കൂറുകളോളമാണ് വലക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *