ഒരുകോടി ചെലവിൽ ചെങ്ങളായി മിനി സ്റ്റേഡിയം നവീകരിക്കുന്നു


ഒരുകോടി ചെലവിൽ ചെങ്ങളായി മിനി സ്റ്റേഡിയം നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌ ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്‌ ബി.പി. വിപിന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ. പ്രദീപൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌ കെ.കെ. രത്നകുമാരി, പഞ്ചായത്ത് മുൻ പ്രസിഡൻറ്‌ വി.പി. മോഹനൻ, ആർ. ബിജു, പി.വി. ഷൈജു, വൈസ് പ്രസിഡൻറ്‌ കെ.കെ. രവി, എം.വി. ബിന്ദു എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ ഒരു കളിക്കളം’ എന്ന കഴിഞ്ഞ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ചെങ്ങളായി പഞ്ചായത്ത് സ്റ്റേഡിയവും പുതുക്കിപ്പണിയുന്നത്. അടങ്കലിന്റെ പകുതി സർക്കാരും പകുതി എം.എൽ.എ. ഫണ്ടിൽനിന്നുമെടുത്താണ് പദ്ധതിപ്രകാരം കളിക്കളമുണ്ടാക്കേണ്ടത്. ചെങ്ങളായിയിൽ എം.എൽ.എ.ഫണ്ടിന് പകരം ജില്ലാ-ഗ്രാമപ്പഞ്ചായത്തുകളുടെയും വിഹിതം ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടെ കായികവകുപ്പിന്റെ 50 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷവും ഗ്രാമപ്പഞ്ചായത്തിന്റെ 25 ലക്ഷവും ചേർത്താണ് ഒരുകോടി ചെലവിൽ സ്റ്റേഡിയം നവീകരിക്കുന്നത്. ഇതിനുള്ള പ്ലാനും എസ്റ്റിമേറ്റും നേരത്തേ സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന തയ്യാറാക്കി കായികവകുപ്പിന് നൽകിയിരുന്നു. മൾട്ടികോർട്ട് സംവിധാനത്തോടെ നവീകരിക്കുന്ന സ്റ്റേഡിയത്തിൽ സ്റ്റെപ് ഗാലറി, ഫെൻസിങ്, ഓഫിസ് മുറി, ശുചിമുറികൾ, ഡ്രെയ്നേജ് സംവിധാനങ്ങൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്. കാൽപ്പന്ത് കളിയുടെ പ്രധാന കേന്ദ്രമായിരുന്ന ചെങ്ങളായിയിൽ എല്ലാ സൗകര്യവുമുള്ള സ്റ്റേഡിയം വേണമെന്ന്‌ കായികപ്രേമികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു. ഇതിനാണ് പരിഹാരമാകുന്നത്.

കായികപുരോഗതി ലക്ഷ്യമിട്ട് കഴിഞ്ഞ ഭരണസമിതി പഞ്ചായത്തിൽ സ്പോർട്സ് അക്കാദമിയും രൂപവത്കരിച്ചിട്ടുണ്ട്. 2024- 25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 2.5 ലക്ഷം രൂപ വകയിരുത്തിയാണ് സ്പോർട്സ് അക്കാദമിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തിയത്. കുട്ടികൾക്കും യുവാക്കൾക്കും വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി ഒരോ ഇനങ്ങളിലുമുള്ള പഞ്ചായത്തിന്റെ ടീമുകളുണ്ടാക്കാനും പുതിയ കായികതാരങ്ങളെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഫുട്ബോൾ, നീന്തൽ, കമ്പവലി എന്നിവയ്കുള്ള പരിശീലനവും ടീമുകളെ ഒരുക്കുന്ന പ്രവർത്തനവുമാണ് നടക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *