ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കെഎസ്ഇബി ജീവനക്കാർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എഡിജിപിയുടെ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക നിർദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിരിക്കുന്നത്. കെഎസ്ഇബി ചെയർമാന്‍ എം.ജി.രാജമാണിക്യത്തിന്റെ പ്രത്യേക കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കര്‍ശന നടപടി. ജീവനക്കാർക്കെതിരെയുള്ള പരാതികളും കേസുകളും ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് നിരീക്ഷിക്കേണ്ടതാണ്. കെഎസ്ഇബി ജീവനക്കാരുടെ പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ സമയബന്ധിതമായി അന്വേഷിച്ച് വേഗത്തിൽ തീർപ്പാക്കണം. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിലും ജോലി തടസ്സപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിലും കെഎസ്ഇബി ജീവനക്കാർക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കും.ജോലിസ്ഥലത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അക്രമങ്ങൾ തടയുന്നതിനും ഈ നടപടികൾ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ഇബി ജീവനക്കാർക്കെതിരായ അതിക്രമം: കർശന നടപടിക്ക് എഡിജിപിയുടെ നിർദ്ദേശം

