യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി; പ്രതി പൊലീസ് പിടിയില്‍


കാക്കനാട് അമ്പാടിമൂലയിൽ യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പ്രദേശവാസികൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അനിൽകുമാറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കാക്കനാട് അമ്പാടിമൂലയിലുള്ള ഇടവഴിയിൽ വെച്ച് നാടിനെ നടുക്കിയ ഈ അക്രമസംഭവം നടന്നത്.അമ്പാടിമൂലയിലെ ഹോസ്റ്റലിൽ രണ്ടാഴ്ചയായി താമസിച്ച് വരികയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന യുവതി വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. റോഡിൽ യുവതി തീപിടിച്ച് ഓടുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികളാണ് തീ കെടുത്തി ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്.ഇതിനിടെ അപകടസ്ഥലത്തുനിന്ന് സംശയാസ്പദമായ രീതിയിൽ ഓടിപ്പോയ പ്രതിയെ എൻ.ജി.ഒ ക്വട്ടേഴ്സിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും വസ്ത്രത്തിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങൾ കാണുകയും ചെയ്തതോടെ നാട്ടുകാർ തൃക്കാക്കര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശവാസികളിൽ നിന്നും ഹോസ്റ്റൽ അധികൃതരിൽ നിന്നും വിശദമായ മൊഴിയെടുത്തു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണത്തെക്കുറിച്ചും ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യത്തെക്കുറിച്ചും തൃക്കാക്കര പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *