കേരളം നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി (2026-29) ആറളം ഫാം സന്ദർശിച്ചു


പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമം സംബന്ധിച്ച ബജറ്റ് വിഹിത വിനിയോഗ പഠനത്തിന്റെ ഭാഗമായി വിടി ബല്‍റാം എം എല്‍ എ അധ്യക്ഷനായ സമിതി ആറളം ഫാമിലും സെറ്റില്‍മെന്റ് ഏരിയയിലും സന്ദർശനം നടത്തി. ആറളം ഫാമില്‍ പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന യോഗത്തിൽ കമ്മറ്റി നിർദ്ദേശിച്ചു. ആറളം ഫാമിലും സെറ്റില്‍മെന്റ് ഏരിയയിലുമായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ബജറ്റ് എസ്റ്റിമേറ്റ്, പുതുക്കിയ എസ്റ്റിമേറ്റ്, അനുവദിച്ച തുക, ലഭ്യമായ ഫണ്ട്, യഥാര്‍ത്ഥ ചെലവ്, വിനിയോഗിക്കാത്ത തുക സംബന്ധിച്ച വിശദാംശങ്ങള്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍, വികസന പ്രവര്‍ത്തനങ്ങള തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ അംഗീകൃത അടങ്കല്‍ തുക, ചെലവഴിച്ച തുക, നിലവിലെ സ്ഥിതി, പൂര്‍ത്തിയാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ഉപയോഗ്യ ശൂന്യമയതോ ആയ പദ്ധതികള്‍, തുടങ്ങിയ കാര്യങ്ങളും സംഘം വിലയിരുത്തി. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ചെലവഴിച്ച തുക മൂലം പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ജീവിത നിലവാരത്തിലും സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിലുമുണ്ടായ പ്രകടമായ മാറ്റങ്ങള്‍, ഫണ്ട് വിനിയോഗം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനം, മനുഷ്യ- വന്യ ജീവി സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നടപടികൾ, തുടങ്ങിയ വിഷയങ്ങളും യോഗം പരിഗണിച്ചു. കമ്മറ്റി ചെയര്‍മാന്‍ വിടി ബല്‍റാം എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മറ്റി അംഗങ്ങളും എം എല്‍ എമാരുമായ അഡ്വ.ടി ഒ മോഹനന്‍, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പറക്കല്‍ അബ്ദുള്ള, വി കെ സനോജ്, ടി വി ഇബ്രാഹിം, ബി ബി ഗോപകുമാര്‍ എന്നിവരും ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ശോഭ, എ ഡി എം കെ ബാലഗോപാല്‍ ഐടിഡിപി, ടി ആര്‍ ഡി എം, പട്ടിക ക്ഷേമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആറളം ഫാമില്‍ നടപ്പാക്കി വരുന്ന വികസനപദ്ധതികളുടെ നിജസ്ഥിതി യോഗം പരിശോധിച്ചു. ബന്ധപെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി. യോഗ ശേഷം പത്താം ബ്ലോക്കിലെ ആന മതിലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അംഗങ്ങള്‍ പരിശോധിച്ചു. പണി പൂര്‍ത്തിയാക്കിയ സപ്ലൈകോ കെട്ടിടം, എന്‍ എച്ച് എം കെട്ടിടം, ഏഴാം ബ്ലോക്കിലെ സാമൂഹികാരോഗ്യ കേന്ദ്രം, പെണ്‍കുട്ടികളുടെ പ്രീമെടിക് ഹോസ്റ്റല്‍, ഫാം സ്‌കൂള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആറളം ഫാം ഓഫീസ് കെട്ടിടം എന്നിവിടങ്ങളിലും കമ്മറ്റി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി.


Leave a Reply

Your email address will not be published. Required fields are marked *