12കാരിയായ മകളുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ 21 കാരനെ കൊലപ്പെടുത്തി പിതാവ്. പെരമ്പലൂർ ജില്ലയിലെ വെൻബാവൂർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവിനെ ഇരുമ്പുവടി കൊണ്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരമ്പലൂരിലെ ഒരു സ്വകാര്യ കോളജിൽ എം.സി.എ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അഭിമന്യു. എട്ടാംക്ലാസുകാരിയായ പെൺകുട്ടിയുമായി അഭിമന്യു ഇഷ്ടത്തിലായിരുന്നു. അടുത്തിടെ അഭിമന്യു പെണ്‍കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുകയും അവളുമായി സ്ഥിരമായി ബന്ധം പുലര്‍ത്തുകയും ചെയ്തു. ഇതറിഞ്ഞ പിതാവ് പ്രകോപിതനായി രാത്രി അഭിമന്യുവിന്റെ വീട്ടിലെത്തി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയായിരുന്നു, പിന്നീട് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തി. അഭിമന്യു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. തുടര്‍ന്ന് കേസെടുത്ത് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
12കാരിയുമായി പ്രണയം, ഫോണ്‍ വാങ്ങിനല്‍കി; 21 കാരനായ കാമുകനെ കൊലപ്പെടുത്തി പിതാവ്

