‘അവരെ ഉടന്‍ വീട്ടില്‍ക്കയറ്റണം’; വിമാനയാത്രക്കിടെ അശ്വതിയുടെ ദുരിതമറിഞ്ഞു, യൂസഫലി ഉടന്‍ വിളിച്ചു, ആശ്വാസതീരത്ത്


ഒരു മനസിന്റെ കണ്ണീരൊപ്പാന്‍ കഴിയുന്നതിലും പുണ്യം മറ്റൊന്നില്ലെന്ന് ഓര്‍മിപ്പിക്കുന്നൊരു കാഴ്ചയാണ് കണ്ണൂരില്‍ നിന്നും ഇന്നുരാവിലെ കണ്ടത്. നാലുമാസം അടുക്കള വരാന്തയില്‍ കഴിഞ്ഞ ആറംഗകുടുംബത്തെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചു കയറ്റുന്ന രംഗം. വായ്പാ കുടിശികയില്‍ വീട് ജപ്തി ചെയ്തതിനു പിന്നാലെയാണ് മുന്‍ ത്രോ ബോൾ താരം അശ്വതിയും രോഗബാധിതരായ ഭര്‍ത്താവും അമ്മയും അച്ഛനും രണ്ടു പൊടിക്കുഞ്ഞുങ്ങളും ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കഴി‍ഞ്ഞത്. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ലുലു ഗ്രൂപ്പ് നടത്തിയ ഇടപെടലിലൂടെ കണ്ണൂര്‍ സ്വദേശിയുടെ കുടിശിക തീര്‍ത്ത് വീടിന്റെ താക്കോല്‍ കൈമാറി. നാലുമാസമാണ് ആറംഗ കുടുംബം സ്വന്തം വീട്ടിലെ അടുക്കള വരാന്തയിൽ വെയിലും മഴയും ഇടിമിന്നലും എല്ലാം പേടിച്ച് കഴിഞ്ഞു കൂടിയത്. വീടിന്റെ മുന്‍വശവും പുറകുവശവും ബാങ്ക് അധികൃതര്‍ സീല്‍വച്ച് പൂട്ടിയിരുന്നു. അശ്വതിയും, അഞ്ചുവയസ്സും രണ്ടര വയസ്സും മാത്രം പ്രായമുള്ള രണ്ടു മക്കളും, രോഗിയായ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളുമാണ് ആശ്വാസതീരമണയുന്നത്. വീടുവയ്ക്കാൻ എടുത്ത വായ്പ കുടിശ്ശികയായി കേരള ബാങ്ക് ജപ്തി ചെയ്തതോടെയാണ് ഇവർ പോകാൻ വഴികളില്ലാതെ അടുക്കള വരാന്തയിൽ അഭയം തേടിയത്. ജീവിതം അടുക്കള വരാന്തയിലേക്ക് ചുരുങ്ങി,ഭക്ഷണം പോലുമില്ല, ഇരുട്ടിനെ മറയാക്കിയാണ് ശുചിമുറിയില്‍ പോലും പോയിരുന്നത്. വസ്ത്രം മാറാന്‍ പറ്റാത്ത സാഹചര്യം, കുഞ്ഞിനെ സ്കൂളിലയക്കാന്‍ അടിവസ്ത്രം പോലുമുണ്ടായിരുന്നില്ല, നേരത്തേ ഉപേക്ഷിച്ച ചെരുപ്പിട്ടുകൊടുത്താണ് കുഞ്ഞിനെ സ്കൂളിലയയ്ക്കുന്നതെന്ന് അശ്വതി വേദനയോടെ പറയുന്നതും കേരളം ആ വാര്‍ത്തയിലൂടെ കണ്ടു.   വാർത്തക്ക് പിന്നാലെ ഇന്നലെ ലുലു ഗ്രൂപ്പാണ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ നിർദ്ദേശപ്രകാരം വായ്പ അടച്ചു തീർത്തത്. ലുലു ഗ്രൂപ്പ് അംഗങ്ങളും കേരള ബാങ്ക് അധികൃതരും അശ്വതിയുടെ വീട്ടിലെത്തി സീല്‍ ചെയ്ത പൂട്ട് പൊളിച്ച് താക്കോല്‍ കൈമാറി. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും അബുദബിയിലേക്കുള്ള യാത്രക്കിടെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അശ്വതിയുടെ കുടുംബത്തിന്റെ ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്ത കാണുന്നത്. ഉടന്‍ തന്നെ മാനേജരെ വിളിച്ച് കാര്യം പറഞ്ഞു, അവരെ ഉടന്‍ വീട്ടില്‍ കയറ്റണം എന്നാവശ്യപ്പെട്ടു, അതിനുള്ള നടപടികള്‍ നീക്കാനായി മാനേജര്‍ പീതാംബരനെ ചുമതലപ്പെടുത്തി. ഉടന്‍ തന്നെ ലുലു അധികൃതര്‍ ബാങ്ക് അധികൃതരുമായി സംസാരിച്ചു, ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് ആറുവരെ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഇന്ന് രാവിലെ കണ്ടതെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ പറയുന്നു. 35 ലക്ഷം കുടിശികയായുള്ളത് 22ലക്ഷമാക്കി ബാങ്ക് കുറച്ചു. അശ്വതിയുടെ കുടുംബത്തിന്റെ പേരിലുള്ള 22 ലക്ഷം കുടിശിക ഇന്നലെ രാത്രി തന്നെ ലുലു ഗ്രൂപ്പ് ബാങ്കിലടച്ചു. ഇന്നു രാവിലെ തന്നെ വീടിന്റെ ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ബാങ്ക് കുടുംബത്തിനു കൈമാറി. ജീവിതം അവസാനിച്ചെന്നു തോന്നിയിടത്തുനിന്നും കരകയറാന്‍ സഹായിച്ച ലുലു ഗ്രൂപ്പിന് നന്ദി പറഞ്ഞ് അശ്വതിയും കുടുംബവും. വീടിന്റെ ആധാരം കൈമാറുന്ന സമയത്ത് ലുലു അധികൃതരുടെ കാലില്‍ വീഴാനുള്ള അമ്മയുടെ ശ്രമം വൈകാരിക രംഗങ്ങള്‍ക്കാണ് സാഹചര്യമൊരുക്കിയത്. സുരക്ഷിതത്വത്തിന്റെ തീരമണഞ്ഞ ആശ്വാസത്തിലാണിപ്പോള്‍ അശ്വതിയും കുടുംബവും.


Leave a Reply

Your email address will not be published. Required fields are marked *