മലപ്പുറം ∙ നീണ്ട ഇടവേളയ്ക്കുശേഷം, കോഴിക്കോട് – കൊച്ചി – തിരുവനന്തപുരം വിമാന സർവീസ് പുനരാരംഭിക്കാൻ സാധ്യത തെളിയുന്നു. കോഴിക്കോടിനെയും കൊച്ചിയെയും സംസ്ഥാന തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. കോഴിക്കോട്– കൊച്ചി– തിരുവനന്തപുരം സെക്ടറിൽ നേരത്തേ വിമാന സർവീസുണ്ടായിരുന്നു. പിന്നീട് ഇതു നിർത്തി.സർവീസ് പുനരാരംഭിക്കണമെന്നതു മലബാറിലെ വ്യവസായ സമൂഹം ഉൾപ്പെടെ ഏറെ നാളായി ഉയർത്തുന്ന ആവശ്യമാണ്. വിമാന സർവീസ് പുനരാരംഭിക്കാൻ നടപടിയെടുക്കുമെന്ന്, മുഖ്യമന്ത്രിയാകുന്നതിനു മുൻപ് വി.ഡി.സതീശൻ ഉറപ്പു നൽകിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകൾ കൂടിയാണ് സർവീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുക്കുന്നത്. ഇന്നലെ നടന്ന ചർച്ചയോടെ നടപടികൾക്കു കൂടുതൽ വേഗം കൈവരുമെന്നാണു പ്രതീക്ഷ. മലബാറിലെയും കൊച്ചിയിലെയും വ്യവസായികൾക്കും സംരംഭകർക്കും നിക്ഷേപകർക്കും പൊതുജനങ്ങൾക്കും തലസ്ഥാനത്തേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ സർവീസ് സഹായിക്കും.വ്യവസായ കേന്ദ്രങ്ങൾ, ഐടി സ്ഥാപനങ്ങൾ, വാണിജ്യ മേഖലകൾ എന്നിവ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തമാകും. കോഴിക്കോട് – കൊച്ചി – തിരുവനന്തപുരം നഗരങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ വടക്കൻ, മധ്യ, തെക്കൻ മേഖലകൾ തമ്മിലുള്ള യാത്രാ-വ്യവസായ ബന്ധത്തിൽ പുതിയ സാധ്യതകൾ തുറക്കും.
അനക്കംവച്ച് കോഴിക്കോട് – കൊച്ചി – തിരുവനന്തപുരം വിമാന സർവീസ്; ഇൻഡിഗോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി മുഖ്യമന്ത്രി

