ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടതിന് ‘പ്രതിഫലം’ വേണം; യുവതിയെ ബലാല്‍സംഗം ചെയ്ത് ഡിഐജി; അറസ്റ്റ്


ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബെംഗളൂരു ജയില്‍ ഡിഐജി എം.സോമശേഖരന്‍ അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ വിട്ടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന് കാണിക്കുന്ന വ്യാജ രേഖ ചമച്ചാണ് ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തത്. കലബുര്‍ഗി മേഖലാ ജയില്‍ ഡിഐജിയാണ് സോമശേഖരന്‍. അറസ്റ്റിലായ സോമശേഖരനെ കോടതി വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 2018 ല്‍ പരപ്പന അഗ്രഹാര ജയിലിന്‍റെ ചുമതല വഹിക്കവേയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. കൊലക്കേസ് പ്രതിയെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടുള്ള സുപ്രീംകോടതിയുടെ രേഖ സോമശേഖരന്‍ വ്യാജമായി ചമച്ച് പ്രതിയുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു. 2018 നംവബര്‍ 18ന് പ്രതിയെ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. അന്ന് ജയില്‍ ജീവനക്കാരനായിരുന്ന ശ്രീകാന്ത് എന്നയാളെ ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയത്. ഇയാളെ കഴിഞ്ഞമാസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ സോമശേഖരന്‍റെ പേര് പുറത്തുവരികയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത് വീണ്ടും ജയിലിലാക്കി. പ്രതിയെ പിടിക്കാന്‍ വീണ്ടും പൊലീസെത്തിയതോടെ നടന്ന സംഭവങ്ങള്‍ യുവതി പൊലീസിനോട് വെളിപ്പെടുത്തി. 2018 ല്‍ മൂന്ന് വട്ടം പ്രതിക്ക് സോമശേഖരന്‍ അനധികൃതമായി പരോള്‍ അനുവദിച്ചതായും കണ്ടെത്തി. കൊലക്കേസില്‍ അതിവേഗ വിചാരണക്കോടതി 2004 ജൂലൈ പന്ത്രണ്ടിനാണ് പ്രതിക്ക് ജീവപര്യന്തം തടവിനും 10,000 രൂപ പിഴയും വിധിച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചുവെങ്കിലും അപ്പീല്‍ തള്ളിയിരുന്നു. അന്വേഷണ സംഘം പ്രത്യേക ഉദ്യോഗസ്ഥരെ ‍ഡല്‍ഹിയില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് സുപ്രീംകോടതി ഇത്തരത്തില്‍ വിട്ടയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *