കെഎംസിസി ഫണ്ട് കവർച്ച: നാലുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പ്രതികളുടെ എണ്ണം എട്ടായി


കോഴിക്കോട്: ഖത്തർ കെഎംസിസി ഫണ്ട് കവർച്ചാ കേസിൽ നാലുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ബോംബെ ഷാജി എന്ന ഷാജഹാൻ, റൊട്ടാന റസാഖ് എന്ന അബ്ദുൾ റസാഖ്, റസാഖിൻ്റെ സഹോദരൻ ഹുസൈൻ അസൈനാർ, അബ്ദുൽ നിസാർ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസിൽ രണ്ടുപേരെ കൂടി പ്രതിചേർത്തു. പയ്യോളി സ്വദേശി ഖമറുദ്ദീൻ, റസാഖ് എന്നിവരെയാണ് പ്രതിചേർത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം എട്ടായി. 2025 സെപ്റ്റംബർ 18ന് ഖത്തറിലെ കെഎംസിസി ഓഫീസിൽ നിന്ന് എട്ടുകോടി രൂപ കവർന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവും വെൽഡിങ് ജോലിക്കാരനുമായ ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയിരുന്നു. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിൻ്റെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ചിലർ ആവശ്യപ്പെട്ടുവെന്നുമാണ് ബാലകൃഷ്ണൻ്റെ മൊഴി. പയ്യോളി സ്വദേശിയായ ബോംബെ ഷാജിയാണ് തന്നെ ഇതിനായി കൊണ്ടുപോയതെന്നും ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. കവർച്ചയിൽ ഉൾപ്പെട്ട സംഘത്തിന്റെ ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. കവർച്ചയുടെ പ്രതിഫലം ചോദിച്ചുള്ള ബോംബെ ഷാജിയും പയ്യോളി സ്വദേശി കാക്കച്ചി ഖമറു എന്ന ഖമറുദ്ദീനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ബോംബെ ഷാജി എന്ന ഷാജഹാൻ. ബോംബെ ഷാജിയും ഖമറുദ്ദീനും തമ്മിലുള്ള ഭീഷണിസ്വരത്തിലുള്ള ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. കേസിൽ കഴിഞ്ഞ ദിവസം പ്രതി ബാലകൃഷ്ണനുമായി പൊലീസ് കരിപ്പൂർ വിമാനത്താവളത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *