ശബരിമലയിലേക്ക് 10,000 ലീറ്റര്‍ നെയ്യ് നല്‍കാമെന്ന് മില്‍മ; ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്


ശബരിമലയിലേക്ക് പതിനായിരം ലീറ്റര്‍ നെയ്യ് നല്‍കാന്‍ തയ്യാറാണെന്ന് മില്‍മ. ലീറ്ററിന് 660 രൂപ നിരക്കില്‍ കവചിത വാഹനത്തില്‍ നെയ്യ് പമ്പയില്‍ എത്തിക്കാമെന്ന് തിരുവനന്തപുരം മേഖല യൂണിയന്‍ ഭാരവാഹികള്‍ ദേവസ്വം ബോര്‍ഡിനെ നേരിട്ടറിയിച്ചു. കഴിഞ്ഞവര്‍ഷം മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് എത്തിയതിന്‍റെ അന്വേഷണം നടക്കുന്നതിനാല്‍ നിയമോപദേശം തേടി ചൊവ്വ വൈകീട്ടോടെ മില്‍മയുടെ കാര്യം അന്തിമമാക്കുമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസി‍ഡന്‍റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നെയ്യ് വാങ്ങേണ്ടതില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ തീരുമാനം. അപ്പവും അരവണയും നിര്‍മിക്കാന്‍ സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് മതിയാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തിരുത്തല്‍. ടെന്‍ഡറില്‍ കഴിഞ്ഞവര്‍ഷം മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് സന്നിധാനത്ത് എത്തിക്കുന്നതിന് കൂട്ടുനിന്ന വ്യാപാരി ഉള്‍പ്പെടെയുള്ളവരെത്തിയതോടെ ടെന്‍ഡര്‍ റദ്ദാക്കി. രണ്ട് തവണ റീ ടെന്‍ഡര്‍ നടത്തിയെങ്കിലും വിശ്വാസയോഗ്യമായ വിതരണക്കാര്‍ ആരും എത്താതിരുന്നതോടെയാണ് മില്‍മയിലേക്ക് അന്വേഷണമെത്തിയത്. മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭാരവാഹികള്‍ ദേവസ്വം ബോര്‍‍ഡ് ആസ്ഥാനത്ത് എത്തി നേരിട്ട് ചര്‍ച്ച ചെയ്തു. കഴിഞ്ഞതവണ ലീറ്ററിന് 510 രൂപയായിരുന്നുവെങ്കില്‍ ഇത്തവണ 660 രൂപ നിരക്കില്‍ പതിനായിരം ലീറ്റര്‍ നെയ്യ് നല്‍കാമെന്ന് അറിയിച്ചു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മില്‍മ നെയ്യ് വാങ്ങുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും നെയ്യിന്‍റെ നിലവാരത്തെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും പ്രസിഡന്‍റ് കെ.ജയകുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു.ദേവസ്വം ബോര്‍ഡ് അനുമതി ലഭിച്ചാല്‍ മില്‍മ പത്തനംതിട്ട യൂണിറ്റില്‍ നിന്നും കവചിത വാഹനത്തില്‍ നെയ്യ് പമ്പയിലെത്തിക്കും. കൂടുതല്‍ ആവശ്യമുണ്ടെന്ന് അറിയിക്കുന്ന മുറയ്ക്ക് ടെന്‍ഡറില്‍ പങ്കെടുത്ത് മതിയായ നെയ്യ് നല്‍കും. കഴിഞ്ഞതവണ മില്‍മയില്‍ നിന്നും 1.60 ലക്ഷം ലീറ്റര്‍ നെയ്യ് വാങ്ങിയെങ്കിലും ട്രാന്‍സ്പോര്‍ട്ട് കരാര്‍ എടുത്ത വ്യക്തി നെയ്യ് തമിഴ്നാട്ടിലേക്ക് മറിച്ചുവിറ്റ് ഗുണനിലവാരമില്ലാത്ത നെയ്യ് മില്‍മയുടെ പേരില്‍ സന്നിധാനത്ത് എത്തിക്കുകയായിരുന്നു. ഈ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *