‘സേഫ്റ്റിക്കായി ബാഗൂരി ചേര്‍ത്തുപിടിച്ചു, പിന്‍ഭാഗത്ത് തല അമരുന്നപോലെ തോന്നി, നാക്കുകൊണ്ട് ചേഷ്ട’; യുവതി നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമം


തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്കുനേരെ ഉണ്ടായത് അതിക്രൂരമായ ലൈംഗിക അതിക്രമം. പ്രതി ആറ്റിങ്ങല്‍ സ്വദേശിയായ വിജേഷിനെ ആളുകള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിക്കുനേരെ ട്രെയിനിനുള്ളില്‍വച്ച് ലൈംഗികാതിക്രമം നടത്തിയ പ്രതി പ്ലാറ്റ്ഫോമില്‍വച്ച് യുവതിയുടെ മുഖത്ത് ഇടിച്ചുവീഴ്ത്തുകയും ട്രെയിനിനടിയിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി പറയുന്നു. മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരിയായിരുന്നു യുവതി. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം, തമ്പാനൂർ റെയിൽവെ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി മൊഴി നൽകി. ട്രെയിനിനുള്ളില്‍ നല്ല തിരക്കായതിനാല്‍ തന്റെ സേഫ്റ്റിക്കുവേണ്ടി ബാഗഴിച്ച് മുന്‍വശത്ത് ചേര്‍ത്തുപിടിച്ചാണ് യാത്ര ചെയ്തതെന്ന് യുവതി പറയുന്നു. പെട്ടെന്ന് പുറകില്‍ നിന്നും തലവന്ന് അമരുന്ന പോലെ തോന്നി, തിരിഞ്ഞുനോക്കിയപ്പോള്‍ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവുമില്ലാതെ ഒരാള്‍ നില്‍ക്കുന്നുണ്ട്, ഇത് മൂന്നാലു തവണ ആവര്‍ത്തിച്ചു.തനിക്ക് തെറ്റുപറ്റിയതാവുമെന്ന് കരുതി ആദ്യം മിണ്ടാതെ നിന്നു, എന്നാല്‍ പിന്നീട് തിരിഞ്ഞുനോക്കിയപ്പോള്‍ വളരെ മോശം ഭാവത്തില്‍ ഇയാള്‍ നില്‍ക്കുന്നതുകണ്ടു, ഇത് തന്റെ സമീപത്തുനിന്ന യുവാവും കണ്ടു, അതോടെ യുവാവ് പ്രതിയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചു, ട്രെയിന്‍ പേട്ടയിലെത്തിയപ്പോള്‍ അയാള്‍ ചാടിയിറങ്ങി. ട്രെയിന്‍ നിര്‍ത്തിയ സമയത്ത് താന്‍ പുറത്തിറങ്ങാന്‍ നോക്കി. പ്ലാറ്റ്ഫോമിലേക്ക് കാല്‍ വച്ച സമയത്തുതന്നെ ഇയാള്‍ അതിവേഗത്തില്‍ തിരിച്ചുവന്നു വളരെ മോശമായി, നാക്കുപുറത്തിട്ട് ചേഷ്ടകള്‍ കാണിച്ചു.ഇതുകണ്ടപ്പോള്‍ താന്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. എങ്കില്‍ ഇതുകൂടി പറയെടീ എന്നുപറഞ്ഞ് അയാള്‍ മുഖത്ത് ഇടിച്ചുവീഴ്ത്തി, പ്ലാറ്റ്ഫോമിലേക്കുവീണ തന്നെ ഇയാള്‍ ചവിട്ടാന്‍ ശ്രമിച്ചു, പിന്നീട് ട്രെയിനിനടിയിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. അപ്പോഴേക്കും ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ഓടിവന്ന് അയാളെ പിടിച്ചുമാറ്റി പൊലീസില്‍ ഏല്‍പ്പിച്ചുവെന്നും യുവതി പറയുന്നു. ഓടുന്ന ട്രെയിനിലായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ താന്‍ മറ്റൊരു സൗമ്യ ആയേനെയെന്നും യുവതി ഭയപ്പാടോടെ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *