അക് വാൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം അക് വാൻ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചെന്നൈയിൽ നിന്ന് ഏകദേശം 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 670 കിലോമീറ്ററും അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം. വ്യാഴാഴ്ച രാവിലെയോടെ അക് വാൻ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ഉച്ചയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും ടൂണിക്കും ഇടയിൽ കരതൊടാനാണ് സാധ്യത. കരയിലെത്തുമ്പോൾ മണിക്കൂറിൽ 120 മുതൽ 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകൾ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് അക് വാൻ.


Leave a Reply

Your email address will not be published. Required fields are marked *