തോട്ടില്‍ നഷ്ടപ്പെട്ട സ്വര്‍ണം മാസങ്ങള്‍ക്കു ശേഷം തിരിച്ചുകിട്ടി; ഉടമയെ കണ്ടെത്തി മാതൃകയായി വിദ്യാര്‍ഥികള്‍


മലപ്പുറം: പ്രളയ ജലത്തില്‍ ഒഴുകിപ്പോയ സ്വര്‍ണാഭരണവും പഴ്സും മാസങ്ങള്‍ക്കുശേഷം തോട്ടില്‍ നിന്ന് കണ്ടെത്തിയ വിദ്യാര്‍ഥികള്‍ അത് യഥാര്‍ഥ ഉടമയെ തേടിപ്പിടിച്ച് തിരിച്ചേല്‍പ്പിച്ചു. സത്യസന്ധതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയായ മൂന്ന് വിദ്യാര്‍ഥികളുടെ പ്രവൃത്തി നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങി. ഒതുക്കുങ്ങൽ സ്വദേശികളായ അഷ്ഫകില്‍,റാഫി, ഷഹല്‍ എന്നിവര്‍ക്കാണ് തോട്ടില്‍ നിന്ന് സ്വര്‍ണാഭരണവും രേഖകളടങ്ങിയ പഴ്സും ലഭിച്ചത്. പറപ്പൂര്‍ ഐ യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും. തോട്ടില്‍ ഞണ്ട് പിടിക്കുന്നതിനിടെയാണ് കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടന്ന പഴ്സ് കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ സ്വര്‍ണാഭരണവും വിലപ്പെട്ട രേഖകളും കണ്ടെത്തി. പഴ്സിലുണ്ടായിരുന്ന വിലാസം പരിശോധിച്ച വിദ്യാര്‍ഥികള്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി. ഒടുവില്‍ ഊരകം നെല്ലിപ്പറമ്പ് ജി എല്‍ പി സ്‌കൂളിലെ അധ്യാപികയായ ശ്രീജയുടേതാണ് ആഭരണമെന്ന് തിരിച്ചറിഞ്ഞു.കഴിഞ്ഞ ജൂണില്‍ വീട്ടിലേക്ക് പ്രളയജലം കയറിത്തുടങ്ങിയപ്പോള്‍ രേഖകളും മറ്റു സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് അരപ്പവനോളം തൂക്കമുള്ള സ്വര്‍ണാഭരണവും പഴ്സും വെള്ളത്തില്‍ വീണ് നഷ്ടമായത്. പിന്നീട് ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. മാസങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായി സ്വര്‍ണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീജ. പഴ്സിലുണ്ടായിരുന്നത് സ്വന്താക്കാൻ ശ്രമിക്കാതെ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച വിദ്യാര്‍ഥികളെ നാട്ടുകാരും കുടുംബാംഗങ്ങളും അഭിനന്ദിച്ചു.


Leave a Reply

Your email address will not be published. Required fields are marked *