ഇസ്ലാമബാദ്: ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും വ്യക്തമാക്കി പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിൽ കഴിഞ്ഞ ആഴ്ച നേരിട്ട നാശനഷ്ടമാണ് ഒടുവിൽ പാകിസ്ഥാൻ സമ്മതിക്കുന്നത്. പാക് സൈന്യത്തിലെ ആറ് സൈനികരും പാക് വ്യോമസേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുള്ളത്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിച്ച ഇന്ത്യൻ സേനയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടത്തേക്കുറിച്ച് പാകിസ്ഥാൻ നടത്തുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്.
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട സൈനികരുടെ പേരും പാകിസ്ഥാൻ പുറത്തുവിട്ടു. നായിക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായി വഖർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ, സ്ക്വാഡ്രൻ ലീഡർ ഉസ്മാൻ യുസഫ്, ചീഫ് ടെക്നീഷ്യൻ ഔറഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപ്പറൽ ടെക്നീഷ്യൻ ഫറൂഖ്, സീനിയർ ടെക്നീഷ്യൻ മുബഷീർ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.