കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി അനിൽ കുമാർ പിടിയിൽ


കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അനിൽ കുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കാറുണ്ടായിരുന്നുവെന്നും ഇതിൽ സംശയം തോന്നിയ നാട്ടുകാർ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


Leave a Reply

Your email address will not be published. Required fields are marked *