ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്, എംഎസ്‍സിക്ക് വീണ്ടും തിരിച്ചടി; ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ കോടതി നിര്‍ദേശം


കൊച്ചി: കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ 3 കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എം.എസ് സി പോളോ 2 കപ്പലാണ് കസ്റ്റഡിയിലെടുത്തത്. 73.50 ലക്ഷം രൂപയും പലിശയും ഉൾപ്പെടെ കെട്ടി വയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഇവരുടെ ഒരു കണ്ടെയ്നർ കശുവണ്ടി നേരത്തെ മുങ്ങിയ എംഎസ്‍സി എൽസ 3യിൽ ഉണ്ടായിരുന്നു. കൊളമ്പോയിൽ നിന്ന് വരുന്ന കപ്പൽ നാളെ വിഴിഞ്ഞത്തെത്തും.

മെയ് 24 നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെയായി അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിനെതിരെ കോസ്റ്റൽ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. ദൂരവ്യാപക പരിസ്ഥിതി ആഘാതം ഏൽപിക്കുന്ന അപകടത്തിന് 17 ദിവസത്തിന് ശേഷമാണ് വിമർശനങ്ങൾ തടയാൻ കണ്ണിൽ പൊടിയിടുന്ന നടപടികളുണ്ടാകുന്നത്. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ച വകുപ്പുകളുടെ സാധ്യത പോലും പരിശോധിക്കാതെ അശ്രദ്ധമായി കപ്പൽ കൈകാര്യം ചെയ്തതിന് മാത്രമാണ് കേസെടുത്തത്.


Leave a Reply

Your email address will not be published. Required fields are marked *