നിലമ്പൂരിൽ 74.35 ശതമാനം പോളിം​ഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും


നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല.

കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കാമെന്ന കണക്കുകൂട്ടൽ സിപിഎമ്മിനുമുണ്ട്. പോളിം​ഗ് വലിയ തോതിൽ കൂടാത്തത് എം സ്വരാജിന് കൂടുതൽ അനുകൂലമാകുമെന്നാണ് നിഗമനം. സ്വാധീന മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പി വി അൻവർ മണ്ഡലത്തിലെ പിന്തുണ തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് ഉണ്ടായെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പോളിംഗ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നാണ് എം സ്വരാജ് പ്രതികരിച്ചത്. നല്ല പോളിംഗ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അത് തന്‍റെ ശൈലിയല്ലെന്നും എം സ്വരാജ് പറഞ്ഞു. 75000 വോട്ട് ഒറ്റയ്ക്ക് നേടുമെന്നാണ് പി വി അൻവറിന്‍റെ അവകാശവാദം


Leave a Reply

Your email address will not be published. Required fields are marked *