• Fri. Sep 20th, 2024
Top Tags

‘ഗുണ്ടകളെ നിയന്ത്രിക്കുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടു’; വിമര്‍ശിച്ച് കെ സുധാകരന്‍

Bydesk

Feb 21, 2022

കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഐഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് സംവിധാനം ശക്തമാക്കിയില്ലെങ്കില്‍ കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ കൊലക്കളമായി മാറുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൊലീസ് സംവിധാനം പരാജയപ്പെട്ടതിനാലാണ് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ പടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജ് ക്യാംപസുകളെ ലഹരി കൈയ്യടക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. അക്രമങ്ങളെ നിയന്ത്രിക്കാനുളള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. കുത്തഴിഞ്ഞ പൊലീസ് സംവിധാനമാണ് സംസ്ഥാനത്തുള്ളത്. ഗുണ്ടകളെ നിയന്ത്രിക്കാന്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അക്രമികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്നും സുധാകരന്‍ ആഞ്ഞടിച്ചു.

ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളാകുമ്പോഴും സര്‍ക്കാരിന്റെ ഒരു സംവിധാനവും ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. രക്ഷിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ പൊലീസ് നയം കൊണ്ട് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ പടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തലശേരിയിലെ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് പേര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവര്‍ ബിജെ പി ആര്‍എസ് എസ് അനുഭാവികളാണ്. അതോടൊപ്പം വിവാദ പ്രസംഗം നടത്തിയ ബിജെ പി കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കും. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *