ജൂലൈ 1 മുതൽ ഇരിട്ടിയിൽ പുതിയ ഗതാഗത പരിഷ്കരണം; പാർക്കിംഗ് നിയന്ത്രണം കർശനമാക്കും


ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പാർക്കിംഗ് സംവിധാനം ക്രമപ്പെടുത്തുന്നതിനുമായി ജൂലൈ 1 മുതൽ പുതിയ ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരസഭ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാര സംഘടനകൾ, മോട്ടോർ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ചേർന്ന് നഗരത്തിൽ സംയുക്ത പരിശോധന നടത്തി.

ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹന പാർക്കിംഗ്, ബസ് സ്റ്റോപ്പുകൾ, ഗതാഗത നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. ട്രാഫിക് കമ്മിറ്റി ഉടൻ ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ബോർഡുകളും റോഡ് അടയാളപ്പെടുത്തലുകളും പൂർത്തിയാക്കി പുതിയ സംവിധാനം നടപ്പാക്കും.

പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി അനധികൃത വഴിയോര കച്ചവടവും നടപ്പാത കൈയേറിയുള്ള വ്യാപാരവും കർശനമായി തടയും. രാവിലെ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവർക്കെതിരെയും നടപടിയുണ്ടാകും.

അംഗീകൃത പാർക്കിംഗ് മേഖലകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സമയം പരമാവധി 30 മിനിറ്റായി നിജപ്പെടുത്തും. പുതിയ ബസ് സ്റ്റാൻഡ് റോഡിന്റെ ഇടത് വശം ‘നോ പാർക്കിംഗ്’ മേഖലയായും വലത് വശം ഓട്ടോ സ്റ്റാൻഡായും തുടരും.

താലൂക്ക് ഓഫീസ് കവല മുതൽ കല്യാൺ കട വരെ സ്വകാര്യ കാർ പാർക്കിംഗിനും, മിൽമ ബൂത്ത് മുതൽ പഴയ ന്യൂ ഇന്ത്യാ ടാക്കീസ് കവല വരെ ഇരുചക്ര വാഹന പാർക്കിംഗിനും അര മണിക്കൂർ വരെ അനുമതി നൽകും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കർശന പരിശോധനയും നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *