തൊഴിലുറപ്പ് വേതനം ഉയർത്തി; കേരളത്തിലെ തൊഴിലാളികള്‍ക്ക് ഇനി 400 രൂപയിലേറെ കൂലി വാങ്ങാം


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി (വിക്സിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ആക്ട്) ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ തൊഴിലുറപ്പ് വേതനം 401 രൂപയായി ഉയരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് മറ്റൊരു പ്രത്യേകത. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ ജോലികൾ പൂർത്തിയാക്കാൻ ഇന്നു വരെയാണ് സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും സമയം അനുവദിച്ചിരിക്കുന്നത്.

ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല്‌ വിഭാഗങ്ങളിലാണ്‌ ഇനി മുതൽ പ്രവൃത്തികൾ വരിക. കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാം. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. അത് നടപ്പായില്ലെങ്കിൽ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്‌മ വേതനം നൽകേണ്ടിവരും.

പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പട്ടികയിലുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ കൂടുതല്‍ പേരും 60 വയസിനു മുകളിലുള്ളവരായതിനാല്‍ ഇതു പ്രയാസമുണ്ടാക്കും. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍.

ബാങ്ക് /പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് കൂലി നേരിട്ടോ ആഴ്ചാടിസ്ഥാനത്തിലോ പരമാവധി 15 ദിവസത്തിനകമോ കൈമാറണം. കാലതാമസം വരുത്തിയാൽ പ്രതിദിനം 0.05% നിരക്കിൽ നഷ്ടപരിഹാരം നൽകണം. വിബിജി റാം ജി പദ്ധതിയില്‍ സ്വകാര്യ വ്യക്തികളുടേതടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികള്‍ അനുവദിക്കില്ല.

അതേസമയം തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് ശതമാനം കൂലി ചെലവ് വഹിച്ചിരുന്നിടത്ത് ഇനി മുതല്‍ 60 ശതമാനം മാത്രമേ വഹിക്കൂയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 2 പതിറ്റാണ്ടോളമായി രാജ്യത്തെ ഗ്രാമീണമേഖലയിൽ നടപ്പാക്കിവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പുതിയ പദ്ധതി വരുന്നതോടെ വിസ്മൃതിയിലാകുമ്പോൾ, ഇത് സംസ്ഥാനങ്ങൾക്കിത് വലിയ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *