കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗും മാര്‍ത്തോമാ സഭയും. വീര്യം കുറഞ്ഞ മദ്യമായാലും കൂടിയ മദ്യമായാലും രണ്ടും സമാനമാണെന്നും ഇവ രണ്ടും വില്‍ക്കാന്‍ പാടില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
മദ്യനയത്തില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാകൂ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മദ്യം, വീര്യം കൂടിയതോ കുറഞ്ഞതോ എന്നല്ല, മദ്യരഹിതമായ കേരളമാണ് വേണ്ടതെന്ന് മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയും പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയില്‍ ഇരുത്തിയായിരുന്നു മാര്‍ത്തോമാ സഭാധ്യക്ഷന്റെ വിമശനം.
‘വീര്യം കുറഞ്ഞ മദ്യവും, വീര്യം കൂടിയ മദ്യവും വില്‍ക്കാന്‍ പാടില്ലെന്നാണ് ലീഗ് നിലപാട്. വീര്യം കുറഞ്ഞ മദ്യവും, വീര്യം കൂടിയ മദ്യവും സമാനമാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കും. മുസ്ലിം ലീഗിന്റെ തീരുമാനം യുഡിഎഫിനെ അറിയിക്കും. അക്കാര്യത്തില്‍ വിഷമത്തിന്റെ ആവശ്യമില്ല. സര്‍ക്കാരിന് സര്‍ക്കാരിന്റേതായ നയം ഉണ്ടാകും. അവിടെ മുസ്ലിം ലീഗ് നിലപാട് പറയും. ആലോചിച്ചിട്ടേ തീരുമാനം എടുക്കു എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്’, സാദിഖലി തങ്ങള്‍ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തിലും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്ന് നോക്കട്ടെയെന്നും ഇപ്പോള്‍ തന്നെ മുന്‍വിധിയോടെ കാണേണ്ടതില്ലെന്നുമായിരുന്നു പ്രതികരണം.
പി എം ശ്രീ സിലബസിന് വഴങ്ങില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിച്ച് തന്നെയാകും മുന്നോട്ട് പോവുക. ഉപസമിതി എല്ലാം പരിശോധിക്കും. സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് മുന്നോട്ട് പോകുന്നുണ്ട്. ലീഗ് മന്ത്രിമാര്‍ പാര്‍ട്ടിയോട് ആലോചിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ കാര്യത്തില്‍ കേരളത്തില്‍ ഒരു നയവും പാരമ്പര്യവുമുണ്ട്. ആ നയത്തിനും പാരമ്പര്യത്തിനും അനുസരിച്ചാകും നമ്മുടെ കുട്ടികള്‍ പഠിക്കുക. മറ്റൊരു തീരുമാനം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

