രാജ്യത്ത് E20 പെട്രോള്‍ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ.
20 ശതമാനം എത്തനോള്‍ കലർത്തിയ E20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില വാഹനങ്ങളുടെ മൈലേജില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറവ് ഉണ്ടായേക്കാമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, അതുകൊണ്ട് മാത്രം E20 ഇന്ധനത്തെ വിലയിരുത്തരുതെന്നും പരിസ്ഥിതിക്കും വാഹനത്തിന്റെ പ്രകടനത്തിനും ഇത് നല്കുന്ന നേട്ടങ്ങള്‍ ഏറെ വലുതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വില കുറയാത്തതിന് കാരണം
എന്തുകൊണ്ട് E20 പെട്രോള്‍ വില കുറഞ്ഞില്ലെന്ന ചോദ്യത്തിനും സർക്കാർ വിശദീകരണം നല്കി. രാജ്യത്തെ കർഷകരില്‍ നിന്ന് എത്തനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന കാർഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഉദാഹരണമായി, ചോളത്തില്‍ നിന്ന് നിർമ്മിക്കുന്ന എത്തനോള്‍ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ വാങ്ങുന്നത്. ഇതിന് പുറമെ ഗതാഗതം, സംഭരണം, നികുതി തുടങ്ങിയ ചെലവുകളും ഉള്‍പ്പെടുന്നതിനാല്‍ E20 ഇന്ധനം നിലവില്‍ സാധാരണ പെട്രോളിനേക്കാള്‍ വിലകുറഞ്ഞതാകുന്നില്ല.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ E20യുടെ യഥാർഥ സാമ്പത്തിക നേട്ടം കൂടുതല്‍ വ്യക്തമായി അനുഭവിക്കാനാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 മുതല്‍ 130 ഡോളർ വരെ ഉയർന്നാല്‍ E20 ഇന്ധനം കൂടുതല്‍ ലാഭകരമാകുമെന്നും ഇന്ത്യയുടെ ഇന്ധനവിലയെ ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനും ഇതിന് കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മൈലേജില്‍ ചെറിയ കുറവുണ്ടാകുമെങ്കിലും E20 പെട്രോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ളതിനാല്‍ എഞ്ചിൻ നോക്കിങ് കുറയുകയും എഞ്ചിൻ കൂടുതല്‍ വൃത്തിയായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് സർക്കാർ പറയുന്നു. ഇതിലൂടെ വാഹനത്തിന്റെ പിക്കപ്പും ഡ്രൈവിംഗ് അനുഭവവും മെച്ചപ്പെടുമെന്നും കാർബണ്‍ പുറന്തള്ളല്‍ ഏകദേശം 40 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നുമാണ് വിശദീകരണം.
E20 നടപ്പാക്കല്‍ തിടുക്കത്തില്‍ എടുത്ത തീരുമാനം അല്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു. 2001-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി പിന്നീട് ഘട്ടംഘട്ടമായി വികസിപ്പിച്ചാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. വാഹന നിർമാതാക്കള്‍, എണ്ണക്കമ്പനികള്‍, പരിശോധനാ ഏജൻസികള്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് E20 ഇന്ധനം രാജ്യത്ത് വ്യാപകമായി അവതരിപ്പിച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

