ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയണമെന്ന് സുപ്രീം കോടതി നിർദേശം


രാജ്യത്തെ റോഡുകളിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കാൻ സുപ്രീം കോടതി നിർദേശം. ഇൻഷുറൻസ് രേഖകൾ കൃത്യമല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി നടപ്പിലാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർണായക നീക്കം.

രാജ്യത്ത് ഓടുന്ന മൊത്തം വാഹനങ്ങളിൽ ഏകദേശം 56 ശതമാനവും ഇൻഷുറൻസ് ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്ന സർക്കാർ കണക്കുകളിൽ പരമോന്നത കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് രജിസ്റ്റർ ചെയ്ത 30.48 കോടി വാഹനങ്ങളിൽ 16.54 കോടിയോളം വാഹനങ്ങൾക്കും നിലവിൽ ഇൻഷുറൻസ് പരിരക്ഷയില്ല.
മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 146 പ്രകാരം തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഇത്രയും ഉയർന്ന തോതിലുള്ള ലംഘനം ഈ നിയമത്തിന്റെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. റോഡപകടങ്ങളിൽ പെടുന്ന ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇത് കാരണമാകുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

1996 ജൂലൈയിൽ നടന്ന റോഡപകടത്തിൽ മരണപ്പെട്ട വാഹന ഉടമയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഇതോടൊപ്പം നാഷണൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച അപ്പീൽ തള്ളുകയും ചെയ്തു. അപകട നഷ്ടപരിഹാര കേസുകൾ പരിഗണിക്കുമ്പോൾ കോടതികൾ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് ഇരകൾക്കുള്ള ആനുകൂല്യങ്ങൾ വൈകിപ്പിക്കരുതെന്നും പരമോന്നത കോടതി വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *