വിഴിഞ്ഞം കണ്ടെയ്‌നര്‍ കവാടം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു


പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. കണ്ടെയ്‌നര്‍ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.

ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഓട്ടോമേറ്റഡ് സിസ്റ്റമാണ് വിഴിഞ്ഞത്ത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് റെയില്‍-റോഡ് കണക്റ്റിവിറ്റി കൂടി പൂര്‍ത്തിയാക്കിയെങ്കില്‍ നൂറിരട്ടി ഫലം ഉണ്ടാകുമായിരുന്നു. കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അഭിമാനപദ്ധതി മിഷന്‍ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ എക്‌സിം ചരക്ക് നീക്കത്തിലൂടെ വ്യാപാര-വ്യവസായ വളര്‍ച്ച മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തിലും വന്‍ കുതിപ്പ് ഉണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം ഇന്ത്യയും ലോകവും തമ്മിലുള്ള ഗേറ്റ് വേ ആയി മാറിയെന്ന് അദാനി പോര്‍ട്ട് സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു. തമിഴ്‌നാട്,കര്‍ണാടക,കേരളം റോഡ് കണക്റ്റിവിറ്റി പുതിയ മാറ്റമുണ്ടാക്കും. ഇതിനിടെ മുഖ്യാതിഥിയാകേണ്ട കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.


Leave a Reply

Your email address will not be published. Required fields are marked *