• Fri. Oct 18th, 2024
Top Tags

ഒരു കോള്‍ മതി, തെങ്ങു കയറാന്‍ ആളെത്തും; വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; ഹലോ നാരിയല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Bynewsdesk

Nov 16, 2023

കൊച്ചി; നാളികേര കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോള്‍ സെന്ററായ ‘ഹലോ നാരിയല്‍’ നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ ആദ്യവാരം കൊച്ചിയില്‍ നടന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലാ ശില്‍പശാല വേദിയില്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ഹോര്‍ട്ടികള്‍ച്ചര്‍ അഡൈ്വസര്‍ ഡോ. സിഎഫ് ജോസഫ് കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്.

ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. കേരളത്തിന് പുറമെ പരമ്പരാഗത കേരോത്പാദക സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും, ആന്ധ്രാപ്രദേശിലും, കര്‍ണ്ണാടകത്തിലും സമാന്തരമായി കോള്‍ സെന്റര്‍ ആരംഭിക്കും. ഇതുവരെ 1924 ചങ്ങാതിമാരാണ് കോള്‍ സെന്ററിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതാത് ജില്ലകളില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുക.

ന്യായമായ വേതനത്തിന് വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളിയ്ക്കല്‍, രോഗകീട നിയന്ത്രണം, നഴ്‌സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ കേര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം. കേര കോള്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും, കേര കര്‍ഷകരെയും കര്‍ഷക കൂട്ടായ്മകളെയും, നാളികേര സംരംഭകരേയും, കൃഷി വകുപ്പുദ്യോഗസ്ഥരെയും, കേരമേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോര്‍ത്തിണക്കി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842377266 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. ഇതിനുപുറമെ കര്‍മ്മനിരതരായി സേവനം ചെയ്യാന്‍ തയ്യാറായിട്ടുള്ള മറ്റു ചങ്ങാതിമാര്‍ക്കും കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *