• Sun. Oct 20th, 2024
Top Tags

എല്ലാം സജ്ജം, ഇനി വോട്ടിംഗ്’; 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

Bynewsdesk

Dec 11, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ 12നു ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ്.

സമ്മതിദായകര്‍ക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് രാവിലെ 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 47 പേര്‍ സ്ത്രീകളാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 1,43,345 വോട്ടര്‍മാരാണുള്ളത്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും. വോട്ടര്‍ പട്ടിക www.sec.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

 

വോട്ടെടുപ്പിന് 192 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങള്‍ തിങ്കളാഴ്ച ഉച്ചക്ക് 12ന് മുന്‍പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതാതു പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *