• Fri. Oct 18th, 2024
Top Tags

നീറ്റ് പരീക്ഷ വിവാദം; എന്‍ടിഎ വിശദീകരണം അംഗീകരിക്കാതെ വിദ്യാര്‍ത്ഥികള്‍, സുപ്രീം കോടതിയെ സമീപിക്കും

Bynewsdesk

Jun 7, 2024

ദില്ലി: നീറ്റ് പരീക്ഷ വിവാദത്തിൽ എൻ ടി എ വിശദീകരണം അംഗീകരിക്കാതെ വിദ്യാർത്ഥികൾ. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എൻ ടി എ നൽകിയ വിശദീകരണത്തിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

നീറ്റ് പരീക്ഷ ഫലത്തിൽ അട്ടിമറിയെന്ന ആരോപണമാണ് ഉയരുന്നത്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാർത്ഥികൾക്ക്  ഗ്രേസ് മാർക്ക് നൽകിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം. എന്നാല്‍, ആക്ഷേപം അടിസ്ഥാനരഹിതമെന്നും പരാതിക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എൻടിഎ വൃത്തങ്ങൾ   പറഞ്ഞു

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്.

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന  പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നല്കിയത്. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.

കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഉയരുന്ന ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നും അട്ടിമറി നടന്നിട്ടില്ലെന്നുമാണ് എൻടിഎ വ്യക്തമാക്കുന്നത്. .

ഇതിനിടെ. നീറ്റ് പരീക്ഷ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സർക്കാർ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *