• Sat. Oct 19th, 2024
Top Tags

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും’: മന്ത്രി വീണാ ജോര്‍ജ്

Bynewsdesk

Jul 1, 2024

തിരുവനന്തപുരം: ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയല്‍ ഡയാലിസിസ് നിലവില്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 640 രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലായി ആകെ 1250 ഓളം ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാണ്. നിലവില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്ത താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ 13 സ്ഥലങ്ങളില്‍ കൂടി ഈ സാമ്പത്തിക വര്‍ഷം തന്നെ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും വിധം പ്രവര്‍ത്തി പുരോഗമിക്കുന്നു. അതിനു പുറമെ ബാക്കിയുള്ള മുഴുവന്‍ ആശുപത്രികളില്‍ കൂടി 2025ഓടു കൂടി ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിലെ എല്ലാ പ്രധാന ഗവ. മെഡിക്കല്‍ കോളേജുകളിലും നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *