• Fri. Oct 18th, 2024
Top Tags

ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നവംബറിൽ കണ്ണൂരിൽ

Bynewsdesk

Oct 8, 2024

 

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കണ്ണൂർ ടൂറിസം കലണ്ടറിന്‍റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ നവംബർ 24ന് ദേശീയ കയാക്കിങ് ചാബ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു.
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്നും രാവിലെ ഏഴ് മണിക്ക് കയാക്കിങ്ങിന് തുടക്കമാവും. മൊത്തം 11 കിലോ മീറ്റർ ദൂരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാനെത്തും. സിംഗിൾ കയാക്കുകളും ഡബിൾ കയാക്കുകളും ഉണ്ടാകും. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മൽസരം ഉണ്ടാകും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ മാത്രം അടങ്ങിയ ടീം, സ്ത്രീകൾ മാത്രം അടങ്ങിയ ടീം, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉണ്ടാകും. 50,000 രൂപയാകും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക്‌ ലഭിക്കുക. ഓരോ കാറ്റഗറിയിലും വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25,000 രൂപയും, രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ലഭിക്കും . ഗ്രൂപ്പ് മത്സരത്തിന് ഓരോ കാറ്റഗറിയിലും ഒന്നാം സമ്മാനം 50,000 രൂപ രണ്ടാം സമ്മാനം 25,000 രൂപ മൂന്നാം സമ്മാനം 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം.
‘കണ്ണൂര്‍ കയാക്കത്തോൺ 2024’ എന്ന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മത്സരിക്കാൻ എത്തുന്നവർക്ക് ഗ്രാമസൗന്ദര്യം ആസ്വദിച്ചും കണ്ടലിന്റെ സമൃദ്ധി കണ്ടറിഞ്ഞുമുള്ള വ്യത്യസ്ത അനുഭവമായിരിക്കും കയാക്കിങ്ങ് നൽകുക. നിരവധി തുരുത്തുകൾ, വളപട്ടണം റയിൽവേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ഓട് ഫാക്ടറികൾ, ചെറു തോണികളിൽ നിന്നുള്ള മീൻ പിടുത്തം, കണ്ടൽ കാടുകൾ അങ്ങനെ പലവിധ കാഴ്ചകളാണ് പറശ്ശിനി മുതൽ അഴീക്കൽ വരെയുള്ള കയാക്കിങ്ങിലൂടെ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുക.2022ൽ സംഘടിപ്പിച്ച കയാക്കത്തോണിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് പുറമെ കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എത്തിചേർന്നിരുന്നു . മത്സരാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവിധ കരകളിൽ ആംബുലൻസ് സൗകര്യം, ബോട്ടുകളിൽ മെഡിക്കൽ ടീം, കുടിവെള്ളം, റിഫ്രഷ്മെന്റുകൾ, സ്‌ക്യൂബാ ടീം എന്നിവ ഉറപ്പാക്കും. രജിസ്‌ട്രേഷൻ ഫീസ് സിംഗിൾ കയാക്കിന് 500 രൂപയും ഡബിൾ കയാക്കിനു 1000 രൂപയുമാണ്.
കൂടുതൽ വിവരങ്ങൾക്ക് 8590855255 എന്ന നമ്പറിലോ ഡിടിപിസി ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *