• Fri. Oct 18th, 2024
Top Tags

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടാൻ സാധ്യത

Bynewsdesk

Oct 9, 2024

അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടാൻ സാധ്യത.
അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ റേഷന്‍ മസ്റ്ററിങ് ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ ആവശ്യം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അംഗീകരിക്കാൻ സാധ്യത.

കിടപ്പു രോഗികള്‍ക്കും അഞ്ചു വയസിന് താഴെയുള്ള റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് എം.എല്‍.എ ആവശ്യം ഉന്നയിച്ചത്.

കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ. അത് പൂര്‍ത്തിയാക്കാത്ത ഇടങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാക്കണം. അഞ്ചു വയസ്സിന് താഴെ പ്രായമുണ്ടായിരുന്നപ്പോള്‍ പേര് ചേര്‍ക്കപ്പെട്ട കുട്ടികളുടെ വിരലടയാളം പ്രായം കൂടിയപ്പോള്‍ വ്യത്യാസം കാണിക്കുന്നതിനാല്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കുന്നില്ല. ഇവ ചൂണ്ടിക്കാട്ടിയാണ് റേഷന്‍ മസ്റ്ററിങ്ങിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിവേദനം നല്‍കിയത്.

അന്ത്യോദയ അന്നയോജന(മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെ പൂര്‍ത്തിയായത് 60 ശതമാനം മാത്രമായിരുന്നു. ഉപഭോക്താക്കളില്‍ 40 ശതമാനം പേര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ മസ്റ്ററിങ് നീട്ടണമെന്ന് ആവശ്യം ഉയർന്നത്
ആധാര്‍ പുതുക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും പേരുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും നിരവധി പേര്‍ മസ്റ്ററിങ് ചെയ്യാനുണ്ട്. പലയിടങ്ങളിലും ആളുകള്‍ എത്താത്തതും ചിലയിടങ്ങളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കുന്നതുമാണ് മസ്റ്ററിങ് ഇഴയാന്‍ ഇടയാക്കുന്നത്.

പത്ത് വയസിനു താഴെയുള്ള കുട്ടികള്‍, കൈവിരലിന്റെ തൊലിപ്പുറത്ത് അസുഖം ബാധിച്ചവര്‍, കൈവിരല്‍ പതിയാത്ത മുതിര്‍ന്ന അംഗങ്ങള്‍, സിമന്റ് കെമിക്കല്‍ കശുവണ്ടി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, മാനസിക വിഭ്രാന്തിയുള്ളവര്‍, കിടപ്പുരോഗികള്‍, ഭിന്ന ശേഷിക്കാർ എന്നിവരുടെ ഇപോസ് യന്ത്രത്തിലൂടെയുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം അംഗങ്ങളുള്ള കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം അടുത്ത മാസം മുതല്‍ കുറയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ക്ഷേമപെൻഷനിൽ ഉള്ളത് പോലെ ബദൽ സംവിധാനം ഉണ്ടോയെന്ന് പല റേഷൻ ഷാപ്പ് ഉടമകൾക്കും അറിയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *