• Fri. Oct 18th, 2024
Top Tags

‘ദിവ്യ ഭീഷണിപ്പെടുത്തി, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം’; എഡിഎമ്മിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി

Bynewsdesk

Oct 16, 2024

എഡിഎമ്മിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു.

എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു ചൂണ്ടിക്കാട്ടുന്നു.

അതിനിടെ നവീൻ ബാബുവിൻ്റെ സംസ്കാരം നാളത്തേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷമേ നാട്ടിലെത്തിക്കാനാവൂ. അതിനാൽ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ച ശേഷം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം. കാസർഗോഡ്, കണ്ണൂർ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. എംവി ജയരാജനും ടിവി രാജേഷും മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലേക്ക് വരുന്നുണ്ട്.

നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നത്. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.

അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ ജീവനക്കാരൻ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *