• Fri. Oct 18th, 2024
Top Tags

നവീന്റെ കുടുംബത്തിന് കണ്ണീര്‍ കത്തെഴുതി തലയൂരാന്‍ കളക്ടര്‍, കുറ്റം കളക്ടറുടെ മേല്‍ ചാരി തടിയൂരാന്‍ പി പി ദിവ്യ

Bynewsdesk

Oct 18, 2024

വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് യോഗം നടത്തി. ആശംസകള്‍ നേരേണ്ടയിടത്ത് ആരോപണങ്ങള്‍ നിരത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചു വരുത്തി. സഹപ്രവര്‍ത്തകനെതിരെ ആക്ഷേപമുന്നയിക്കുന്നത് കണ്ടിട്ടും ഒരക്ഷരം എതിര്‍ക്കാതെ തലയും കുനിച്ചിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണങ്ങള്‍ ഏറെയാണ്. അതേസമയം, നവീന്റെ കുടുംബത്തിന് കണ്ണീര്‍ക്കത്തെഴുതി തലയൂരാനാണ് കളക്ടറുടെ നീക്കം. പിപി ദിവ്യയാകട്ടെ കുറ്റം കളക്ടര്‍ക്ക് മേല്‍ ചാര്‍ത്തി തടിയൂരാനും ശ്രമിക്കുന്നു.

താന്‍ വിരമിക്കുകയല്ലെന്നും സ്ഥലം മാറ്റം വാങ്ങി പോകുകയാണെന്നും അതിനാല്‍ യാത്രയയപ്പ് വേണ്ടെന്നും നവീന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധംമൂലം ചടങ്ങിന് അദ്ദേഹം തയാറാവുകയായിരുന്നു. പിപി ദിവ്യയ്ക്ക് വേണ്ടിയാണ് ചടങ്ങ് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. എങ്ങനെയായാലും കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തില്‍ പങ്കെടുത്തതെന്ന് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയതോടെ ജില്ലാ കളക്ടര്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ മൂര്‍ച്ച കൂടിയിട്ടുണ്ട്.

നവീന്റെ കുടുംബം ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിന്റെ വേദനയും നവീന്റെ വേര്‍പാടിലുള്ള ദുഖവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള കത്താണ് കളക്ടര്‍ പത്തനംതിട്ട സബ്കളക്ടര്‍ മുഖേന കൈമാറിയത്. എന്നാല്‍ എന്തുകൊണ്ടാണ് നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച വേളയില്‍ അതിനെ എതിര്‍ക്കാതിരുന്നതെന്നതിന് വിശദീകരണം നല്‍കാന്‍ കളക്ടര്‍ തയാറായിട്ടില്ല. നവീനിന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നത് വരെ അദ്ദേഹം പത്തനംതിട്ടയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ കുടുംബം അദ്ദേഹത്തിന് വീട്ടിലേക്ക് എത്താന്‍ അനുവാദം നല്‍കിയിരുന്നില്ല. കണ്ണൂര്‍ ജില്ലാ കളക്ടറെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് കുടുംബം അറിയിക്കുയായിരുന്നു. ഇതിന്റെ വേദനയാണ് കത്തിലുടനീളം പ്രതിപാദിക്കുന്നത്. ‘എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍… ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ…പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ വീട്ടിലേക്ക് വരാം’, ഈ വാക്കുകളിലൂടെ അത് കൂടുതല്‍ വ്യക്തമാകുന്നു.

അതേസമയം, കളക്ടറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള വാദങ്ങളാണ് തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുടനീളം ദിവ്യ നിരത്തിയിട്ടുള്ളത്.
ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. ചടങ്ങില്‍ തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് വാദം. യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വച്ച് കലക്ടര്‍ ആണ് തന്നെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. മൂന്നുമണിക്ക് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാല്‍ ആണ് കൃത്യസമയത്ത് എത്താതിരുന്നത്. യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ശ്രുതി ആയിരുന്നു. യാത്രയപ്പ് യോഗത്തിലെ പരാമര്‍ശങ്ങള്‍ സദുദ്ദേശപരമാണ് എന്നൊക്കെയാണ് ദിവ്യയുടെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *