• Mon. Oct 21st, 2024
Top Tags

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്; കസ്റ്റഡിയിലുള്ളവരുടെ മൊഴിയെടുത്ത് വിട്ടയക്കും

Bynewsdesk

Oct 20, 2024

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ കേസെടുക്കില്ല. നടന്നത് മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും.പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണെന്നും മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ക്ഷേത്രത്തിൽ വച്ച് കയ്യിലുള്ള പൂജാ സാധനങ്ങൾ നിലത്തുവീണു, അപ്പോഴാണ് മോഷണം പോയി എന്ന് പറയുന്ന പാത്രം മാറി എടുത്തത്, പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നും പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

ഹരിയാനയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീയുമടങ്ങുന്ന സംഘമാണ് സംഭവത്തിൽ പിടിയിലായിട്ടുള്ളത്. ആദ്യഘട്ടത്തിലെ പ്രാഥമിക ചോദ്യം ചെയ്യലിൽ വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് ഉരുളി എടുത്തതെന്നാണ് മൊഴി. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തുന്നത്.

ഈ മാസം 13നാണ് സംഭവം നടക്കുന്നത് എന്നാൽ 15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരെയും മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. ഉരുളി മുണ്ടിൽ പൊതിഞ്ഞ് കടത്തുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *