ശബരിമലയില്‍ ദര്‍ശനം ഇന്ന് അവസാനിക്കും; പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിടുക വൈകീട്ട് അഞ്ചുവരെ മാത്രം


ശബരിമലയില്‍ ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി 10 ന് അവസാനിക്കും. വൈകീട്ട് അഞ്ചു വരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിടും. രാവിലെ കുറഞ്ഞ ദ്രവ്യങ്ങളാലാണ് അഭിഷേകം. നെയ്യഭിഷേകം ഇന്നലെ അവസാനിച്ചിരുന്നു. ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മണിമണ്ഡപത്തിന് മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഗുരുതി ആരംഭിക്കും.നാളെ (ജനുവരി 20) പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് രാജപ്രതിനിധി കൈമാറും. മാസ പൂജചെലവിനായി പണക്കിഴി നല്‍കി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.


Leave a Reply

Your email address will not be published. Required fields are marked *