നിതിൻ രാജിന്‍റെ മരണം: വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സിൽ; 28ന് സംസ്ഥാന ഹര്‍ത്താൽ


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സിൽ.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷൻ കൗണ്‍സിൽ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. സമരപ്രഖ്യാപന കണ്‍വെൻഷൻ ഇന്ന് നടക്കും. ഏപ്രിൽ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേര്‍ന്നാണ് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചത്. മുഴുവൻ പ്രതികളെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും ഡോ. റാം, ഡോ. സംഗീത എന്നിവർ മാത്രമല്ല കുറ്റക്കാരെന്നും പ്രിൻസിപ്പാൽ അടക്കം പ്രതി പട്ടികയിൽ വരുമെന്നും ആക്ഷൻ കൗണ്‍സിൽ ആരോപിച്ചു.

നാളെ ഒരു ഡോക്ടറാവേണ്ട കുട്ടിയെയാണ് കൊന്നത്, അല്ലെങ്കിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് കൊന്നതെന്നും 10 കോടി രൂപ നഷ്ട പരിഹാരം കുടുംബത്തിന് നൽകണമെന്നും ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കി.

അതേസമയം, കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലേക്ക് ദളിത് ലീഗ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് കോളേജ് മാനേജ്മെന്‍റ് നിയോഗിച്ച ബൗണ്‍സര്‍മാര്‍ സമരക്കാരെ തടഞ്ഞതാണ് സംഘര്‍ഷത്തിൽ കലാശിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *