നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം ചെയ്യുന്ന വിഷയം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നു.
ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യങ്ങള്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.

