ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു


ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയാണ് മരണം. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഉച്ചയ്ക്കു 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും. ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് അദ്ദേഹം.

മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു രമേശൻ പാലേരി. 1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ മുത്തച്ഛനായിരുന്നു.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി മികച്ച രീതിയിൽ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.


Leave a Reply

Your email address will not be published. Required fields are marked *