കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ, വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത, കള്ളക്കടൽ മുന്നറിയിപ്പും


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിനു മുകളിൽ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മധ്യപ്രദേശിന് മുകളിൽ മറ്റൊരു ന്യൂന മർദ്ദം തുടരുന്നുമുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നാളെയും മറ്റന്നാളും നിലവിലെ മഴയിൽ നിന്നും കൂടുതൽ പ്രദേശങ്ങളിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (13/08/2026) രാവിലെ 02.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *