നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ്; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ, അന്വേഷണം കേരളത്തിലേക്കും..


ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം വകുപ്പിന്‍റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണം. സിനിമാ ലൊക്കേഷനിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. വീഡിയോ ചിത്രീകരിച്ച സാഹചര്യം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.

വിക്രമിന്‍റെ ബന്ധുവിന് കുരങ്ങിനെ നൽകിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും. കുരങ്ങിനെ ചെന്നൈയിൽ എത്തിച്ചത് ഈറോഡിലെ ബിസിനസുകാരനാണ്. ഇയാളുടെ വീട്ടിൽ ഏഴു ആഫ്രിക്കൻ കാട്ടുപൂച്ചകളെ കണ്ടെത്തി. ഇതിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്ന് എത്തിച്ചതെന്നാണ് മൊഴി. രേഖകൾ ഹാജരാക്കാൻ തമിഴ്നാട്‌ വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായി റീൽ ചെയ്തതോടെയാണ് നടൻ വിക്രം വിവാദത്തിലായത്. റീല്‍ വിവാദമായതോടെ നടൻ റീൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്തു. ലാർ ഗിബ്ബൺ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീൽ ചെയ്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലുള്ള കുരങ്ങാണിത്. കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണെന്നും വനം വകുപ്പ് അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *