ശിവസൂര്യയുടെ തിരോധാനം: ഒമ്പതാം ദിവസവും ഒരു സൂചനയുമില്ല; അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്ന് പിതാവ്


കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ഒമ്പതാം ദിവസവും സൂചന കിട്ടാതെ പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും മകനെ എത്രയും വേഗം കണ്ടെത്തണമെന്നും ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് ആവശ്യപ്പെട്ടു.

അന്വേഷണത്തിന് പ്രത്യക സംഘത്തെ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. തലശ്ശേരി എഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ 9 ദിവസമായിട്ടും ശിവസൂര്യയെ കണ്ടെത്താൻ ചൊക്ലി പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്.

പാലക്കാട്, ഒറ്റപ്പാലം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലും കണ്ണൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലുംപരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് ശിവസൂര്യയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലും സൂചനകളൊന്നും കിട്ടിയില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ശിവസൂര്യ വീട് വിട്ടിറങ്ങിയത്. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്‍റെ പേരിലായിരുന്നു നാട് വിടൽ. കാശിക്ക് പോവുകയാണെന്ന് കുറിപ്പ് എഴുതി വെച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *