തൃശൂരിൽ പുലിക്കളിയാവേശം! മടവിട്ട് പുലികള്‍ ശക്തന്‍റെ തട്ടകത്തിലിറങ്ങി; ആവേശം വാനോളമാക്കി 450 പുലികൾ


തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങി ആവേശം പകരുന്നുണ്ട്.

ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവർക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്. തൃശൂർ സ്വരാജ് റൗണ്ടിൽ തുടങ്ങിയ പുലിക്കളിയിൽ ശരീരത്തിൽ പുലിയുടെയും കടുവയുടെയും മാതൃകകൾ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികൾ തുള്ളിയുറയുന്ന കാഴ്ച അത്രേമേൽ ആവേശമാണ് പകരുന്നത്.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി പൂരനഗരിയിൽ എത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപം തൃശൂരിന്റെ സാംസ്കാരിക തനിമയുടെയും ഓണാഘോഷങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത പ്രധാന ആകർഷണമാണ്. മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പുലിക്കളി കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്. തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്‍റെ ആവേശം വിതറിയാണ് ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോകുന്നത്. എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തിൽ ആറാടിക്കുന്നത്.

പ്രായഭേദമന്യേ നിരവധിപേരാണ് പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാൽ പുലികളി സമാജം , വിയ്യൂർ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂർ, പാട്ടുരായ്ക്കൽ എന്നിങ്ങനെ 9 പുലിമടകളിൽ എണ്ണം പറഞ്ഞ പുലികളാണ് നഗരം കീഴടക്കിയിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *