സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം; പ്രിയദര്‍ശിനി സമിതി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ബസുടമകള്‍ സമരത്തിലേക്ക്


പ്രവര്‍ത്തന ചെലവ് കുറയ്ക്കാനുള്ള നിര്‍ദേശങ്ങളൊന്നും പ്രിയദര്‍ശിനി വിദഗ്ധ സമിതി റിപ്പോര്‍ട്ടിലില്ലെന്ന ആക്ഷേപവുമായി സ്വകാര്യ ബസുടമകള്‍ വീണ്ടും സമരമുഖത്തേക്ക്. ബസ് ചാര്‍ജും വിദ്യാര്‍ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ ബസുടമകള്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയതുപോലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളിലും നടപ്പിലാക്കണമെന്നും അതിനായി KSRTCക്ക് നല്‍കുന്നത് പോലെ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നുമാണ് ബസുടമകള്‍ വിദഗ്ധ സമിതിക്ക് മുമ്പില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സമിതി അംഗീകരിച്ചില്ല. പകരം, സ്വകാര്യ ബസുകള്‍ KSRTCക്ക് വാടകയ്ക്ക് കൊടുക്കാനാണ് സമിതിയുടെ ശിപാര്‍ശ. 2022ലാണ് ബസ് നിരക്ക് അവസാനമായി വര്‍ധിപ്പിച്ചത്. അതിനുശേഷം നിരക്ക് കൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി ബസുടമകള്‍ പറയുന്നുണ്ടെങ്കിലും അങ്ങനെയൊരാവശ്യം വന്നിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ മറുപടി. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് രണ്ട് കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടന്നിരുന്നില്ല. വിദ്യാര്‍ഥി കണ്‍സെഷന്‍ കുറഞ്ഞത് 5 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്മിറ്റി നിര്‍ദേശിക്കുന്നതുപോലെ യാത്ര ഫ്യുവല്‍സില്‍ നിന്ന് ഡീസലടിക്കുന്നത് അപ്രായോഗികമെന്നാണ് ചില ബസുടമകളുടെ പരാതി. സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് മാത്രമായി ഡീസലിനുള്ള വാറ്റ് നികുതി കുറക്കണമെന്ന ആവശ്യവും ബസുടമകള്‍ ഉയര്‍ത്തുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *